Wednesday, December 30, 2009
ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്: നിസ്സംഗത രാജ്യത്തിന് അപകടം പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍
കോഴിക്കോട്: ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ ഭാവിയെ ഭയാനകമായി ബാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പറഞ്ഞു. 'ബാബരി ധ്വംസനം ^കുറ്റവാളികളെ ശിക്ഷിക്കുക' എന്ന ആവശ്യമുയര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനം മുതലക്കുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ വ്യവസ്ഥയേയും മതേതര ജനാധിപത്യ മൂല്യങ്ങളെയും പരസ്യമായി വെല്ലുവിളിച്ച കുറ്റവാളികള്‍ സ്വൈരവിഹാരം നടത്തുന്ന സാഹചര്യം സൃഷ്ടിച്ചതുകൊണ്ടാണ് ഗുജറാത്ത് കലാപം ഉണ്ടായത്. ഇന്നും തുടരുന്ന കലാപങ്ങളും കുറ്റകൃത്യങ്ങളും വര്‍ഗീയ പ്രചാരണങ്ങളും ഇതിന്റെ ഭാഗമായുണ്ടായതാണ്. അതുകൊണ്ട് ലിബര്‍ഹാന്‍ കമീഷന്‍ എടുത്തുപറഞ്ഞ മുഴുവനാളുകളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതാവശ്യമാണ്.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സംഘടനകളെ നിരോധിക്കുകയും കമീഷന്‍ പേരെടുത്തു പറഞ്ഞ പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കുകയും വേണം. ഇതോടനുബന്ധിച്ച കേസുകള്‍ സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി വഴി വിചാരണ ചെയ്ത് വിധിപറയാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ് തകര്‍ത്തവരെ കുറ്റവാളികളെന്ന് വിളിക്കാന്‍ പോലും മടികാണിക്കുന്ന പ്രച്ഛന്ന മതേതരവാദികളാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ വിശാലമായ ഫാഷിസ്റ്റ് വിരുദ്ധ മുന്നണി രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ചടങ്ങില്‍ സംസാരിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി.കെ. പോക്കര്‍ അഭിപ്രായപ്പെട്ടു.
മതേതര മനസ്സാക്ഷിയാണ് രാജ്യത്തെ നിലനിര്‍ത്തുന്നതെന്നും പക്ഷേ, അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള നട്ടെല്ല് നമ്മുടെ ഭരണാധികാരികള്‍ക്കില്ലെന്നും 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി. ഇക്കാലമത്രയും സംഘ്പരിവാര്‍ നടത്തിയ മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട വിനാശകരമായ മാനസികാവസ്ഥ വിവിധ ജനവിഭാഗങ്ങളെയും മാധ്യമങ്ങളെയും ഒരുവേള ജുഡീഷ്യറിയെയും സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗം കൂട്ടില്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ടി. മുഹമ്മദ് സ്വാഗതവും റസാഖ് പാലേരി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment